Message's
സന്ദേശം
പ്രിയ കുടുംബാഗങ്ങളേ,
തോമ്മാശ്ലീഹായില്‍ നിന്ന് വിശ്വാസം സ്വീകരിച്ച നിലയ്ക്കല്‍ പള്ളിയില്‍ നിന്നാണ് നമ്മുടെ ഉത്ഭവം. 14--ാം നൂററാണ്ടിന്‍റെ അവസാനഘട്ടം മുതല്‍ നമ്മുടെ കുടുംബത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങള്‍ ലഭിച്ചു തുടങ്ങുന്നു. നമ്മുടെ പൂര്‍വ്വികര്‍ ചരിത്രപരമായ കാരണങ്ങളാല്‍ നിലയ്ക്കല്‍ നിന്ന് അരുവിത്തുറയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. അക്കൂട്ടത്തിലുണ്ടായിരുന്ന മത്തായി എന്ന കാരണവരാണ് നമ്മുടെ കുടുംബത്തില്‍ അനുസ്മരിക്കപ്പെടുന്ന ആദ്യ തൂങ്കുഴി കുടുംബനാഥന൯, നമ്മുടെ കുടുംബത്തിന്‍റെ ഉറവിടം. അരുവിത്തുറയില്‍ നിന്ന് മത്തായി ഇടമററത്തേക്ക് നീങ്ങി. വളക്കൂറുള്ള വിശാലമായ പുരയിടം അവിടെ വാങ്ങി. തുട൪ന്ന് പൈക പ്രദേശത്ത് ചേരിക്കല്‍ എടുത്ത് കൃഷി ചെയ്തു, നമ്മുടെ കുടുംബം ഐശ്വര്യപൂര്‍ണ്ണമായി പുരോഗമിച്ചു.
മിക്ക കുടുംബങ്ങളും കുടുംബയോഗം എന്താണെന്ന് അറിയുന്നതിനുമുമ്പേതന്നെ തൂങ്കുഴി കുടുംബം 1927-ല്‍, ഇന്നുള്ള ആരുംതന്നെ ഇനിക്കും മുമ്പേ, പൈക കേന്ദ്രമാക്കി കുടുംബയോഗം സ്ഥാപിച്ചു എന്നത് ശ്രദ്ധാ൪ഹമായ കാര്യമാണ്. പൈകയില്‍ നിന്ന് ചെമ്മലമററം, കപ്പാട്, കാഞ്ഞിരപ്പള്ളി, വാഴൂർ ഭാഗങ്ങളിലേക്ക് നീങ്ങി താമസം തുടങ്ങിയ പൂർവ്വികര്‍ ഒത്തുകൂടുകയും ചിട്ടി, വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍വരെ നടത്തിവരികയും ചെയ്തിരുന്നു. ലോക മഹായുദ്ധത്തിനുശേഷംതിരുവിതാംകൂറിന്‍റെ വിവിധ ഭാഗങ്ങളിലേക്കും മലബാ൪ പ്രദേശത്തേക്കും വിദേശങ്ങളിലേക്കും കുടിയേറിയ നമ്മുടെ കുടുംബം ഇന്ന് അഞ്ഞൂറിലധികം ശാഖകളായി ഒരേ കുടുംബനാമധേയത്തില്‍ പരസ്പരം ബന്ധപ്പെട്ടുകഴിയുന്നു എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണ്.
നമ്മുടെ കുടുംബ ചരിത്രം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചുകാണുവാ൯ കുടുംബാഗങ്ങള്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. 1998-ല്‍ അത് സാധ്യമായി. വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും വ്യാപിച്ചുകിടക്കുന്ന കുടുംബാഗങ്ങള്‍ പരസ്പരം അടുത്തറിയുവാനും ബന്ധപ്പെടാനും കുടുംബ ചരിത്രവും കുടുംബയോഗ പ്രവര്‍ത്തനങ്ങളും സഹായിച്ചിട്ടുണ്ട്. മുടങ്ങാതെ നടക്കുന്ന വാര്‍ഷിക പൊതു സമ്മേളനങ്ങളും മററ് ഒത്ത് ചേരലുകളും സുഗമമായി നടത്താ൯ പററാത്ത സാഹചര്യങ്ങള്‍ ഇന്ന് സംജാതമായികൊണ്ടിരിക്കുന്നു. ഇത് "തൂങ്കുഴി കുടുംബത്തിന് ഒരു വെബ്‌സൈററ്" എന്ന ആശയത്തിലേക്ക് നമ്മെ എത്തിച്ചു. ആ വെബ്‌സൈററ് ആരംഭിക്കുകയാണ്. തുടര്‍ന്നും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്ന രീതിയിലും ഓരോ ശാഖയിലും വെബ്‌സൈററ് അഡ്മി൯മാരെ ചുമതലപ്പെടുത്തിയും ആരംഭരിക്കുന്ന Thoonkuzhy Family Website ന് എല്ലാ വിജയാശംസകളും നേരുന്നു. കുടുംബയോഗ കമ്മററിയുടെ സമര്‍ത്ഥമായ ഈ നടപടി അത്യന്തം കാലോചിതവും കുടുംബാഗങ്ങളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതുമാണെന്നുള്ളതില്‍ സംശയമില്ല.ഓരോ കുടുംബത്തിനും സ്വന്തമായ പൈതൃകവും പാരമ്പര്യങ്ങളും ഉണ്ടാകും. അവയില്‍ ഉത്കൃഷ്ടമായവയെ തിരിച്ചറിയാനും സ്വാംശീകരിക്കാനും നമ്മൾ തല്പരരാകണം. തോമ്മാശ്ലീഹായില്‍ നിന്ന് സ്വീകരിച്ച വിശ്വാസം, സഭയോട് ചേര്‍ന്ന് നില്ക്കുന്ന ജീവിത ശൈലി, മാതാപിതാക്കന്മാരോടുള്ള ബഹുമാനം, ബലഹീനരെ കൈപിടിച്ചുയര്‍ത്തുന്ന കാരുണ്യം, കുലീനത്തം നിറഞ്ഞ പെരുമാററം, തുടങ്ങി നമ്മളെ ബഹുമാന്യരാക്കുന്ന സവിശേഷതകള്‍ തൂങ്കുഴി പാരമ്പര്യത്തിലുള്ളവയാണ്. ജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും നേതൃത്വം വഹിക്കാ൯ കഴിവുള്ള വ്യക്തികൾ, നല്ല കര്‍ഷകര്‍, മെഡിക്കല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ്, നേഴ്സുമാ൪, ആരോഗ്യ പ്രവര്‍ത്തക൪, വിദ്യാഭ്യാസ രംഗത്തെ പ്രതിഭകള്‍, ജനസേവനത്തിനായി ദൈവത്തിന് പ്രതിഷ്ഠിതരായ മിഷനറിമാർ, വൈദികര്‍, സമര്‍പ്പിത൪, തുടങ്ങി നിരവധി ആളുകള്‍ നമ്മുടെ കുടുംബത്തെ ഉത്കൃഷ്ടവും മനോഹരവുമാക്കുന്നു.
ഇസ്രായേല്‍ ജനത്തെ വാഗ്ദാന ഭൂമിയിലേക്ക് നയിച്ച തമ്പുരാന്‍റെ, സ്‌നേഹപരിപാലന നമ്മുടെ കുടുംബം സമൃദ്ധമായി അനുഭവിച്ചിട്ടുണ്ട്. ആത്മീയവും ഭൗതീകവുമായ ഔന്ന്യത്യങ്ങളിലേക്ക് നമ്മുടെ കുടുംബം നീങ്ങികൊണ്ടിരിക്കയാണ്. തൂങ്കുഴി കുടുംബത്തില്‍ എന്നും നിലനില്ക്കുന്ന കുടുംബനാമം, നമ്മള്‍ ചിന്നഭിന്നമായി പോകാതെ ഒരു സ്നേഹകൂട്ടായ്മയായി സംരക്ഷിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു എന്നതിന്‍റെ വ്യക്‌തമായ തെളിവാണ്.
നൂററാണ്ടുകളിലൂടെ നമ്മെ നയിച്ച സ്‌നേഹനിധിയായ ദൈവത്തിന് നന്ദി പറയാം. തുടര്‍ന്നും കൈപിടിച്ചു നടത്തണമേ എന്ന് പ്രാര്‍ത്ഥിക്കാം. അവിടുത്തെ അനുഗ്രഹങ്ങള്‍ നമ്മുടെ കുടുംബത്തില്‍ സമൃദ്ധമാകട്ടെ. അവിടുത്തെ ഹൃദയത്തിന് യോജിച്ച ഒരു ജനമായി നമ്മെ അനുരൂപപ്പെടുത്തണമേ എന്ന് പ്രാര്‍ത്ഥിക്കാം.
യേശുവില്‍ സ്‌നേഹത്തോടെമാര്‍ ജേക്കബ് തൂങ്കുഴി12/09/2020