തൂങ്കുഴി കുടുംബചരിത്രം

മനുഷ്യന്‍റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്‍റെ വികാസപരിണാമങ്ങളുടെ ആകെത്തുകയാണല്ലോ ചരിത്രം. ഓരോ ജനതയ്ക്കും അവരവരുടേതായ ചരിത്രമുണ്ട്‌. കാലാതിര്‍ത്തികളെ ഭേദിച്ച്‌ നീണ്ടു പോകുന്ന ചരിത്രം. കുടുംബവ്യവസ്ഥയുടെ ആവീര്‍ഭാവവും ഇങ്ങനെ നിശ്ചിത അളവിലൊതുങ്ങാത്ത കാലാതിര്‍ത്തിയോട്‌ ചേര്‍ന്നു നില്ക്കുന്നു. എഴുതപ്പെട്ട വിശ്വാസ്യമായ ചരിത്രം ഏറിയകൂറും കുടുംബവ്യവസ്ഥയും അതുവഴി കുടുംബങ്ങളുടെ ചരിത്രവുമായി ഇഴ ചേര്‍ന്നാണ്‌ കിടക്കുന്നത്‌. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രമുഖ സുറിയാനി കത്തോലിക്കാ കൂടുംബങ്ങളിലൊന്നായ “തൂങ്കുഴി” കുടുംബത്തിന്‍റെ ചരിത്രത്തിലേക്ക് നമുക്കൊന്ന്‌ എത്തിനോക്കാം.

ക്രിസ്തുവിന്‍റെ കാലത്തിനും നൂറ്റാണ്ടുകള്‍ക്കുമുമ്പു മുതല്‍ക്കേ കേരളവും മെഡിറ്ററേനിയന്‍ രാജ്യങ്ങളുമായി സമ്പന്നമായ വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു. മഹാനായ സോളമന്‍ രാജാവിന്‍റെ കാലം മുതല്‍ 'കറുത്തപൊന്ന്‌' എന്നറിയപ്പെട്ടിരുന്ന കുരുമുളകിന്‍റെ കുത്തക കേരളത്തിനായിരുന്നു. സമര്‍ത്ഥരും സമ്പന്നരുമായിരുന്ന യഹൂദവ്യാപാരികള്‍ കേരളത്തിലെ തുറമുഖനഗരങ്ങളിലും വാണിജ്യക്രേന്ദങ്ങളിലും കുടിയേറി വ്യാപാരം നടത്തുകയും താമസമുറപ്പിക്കുകയും ചെയ്തു. അവിടെയെല്ലാം യഹുദക്കോളനികള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഈ യഹുദസാന്നിദ്ധ്യമാണ്‌ തോമാശ്ലീഹായെ കേരളത്തിലേയ്ക്കാകര്‍ഷിച്ചതത്രെ. യഹുദസമൂദായങ്ങള്‍ പ്രബലമായി നിലനിന്നിരുന്ന കേന്ദ്രങ്ങളിലാണ്‌ വിശുദ്ധന്‍ പള്ളികള്‍ സ്ഥാപിച്ചതും. വിശുദ്ധന്‍റെ പ്രസംഗങ്ങളും പഠനങ്ങളും ദേശനിവാസികള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കുവാന്‍ ഈ യഹൂദവ്യാപാരികള്‍ നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചിരിക്കണം.

യേശുക്രിസ്തുവിന്‍റെ പ്രന്തണ്ടു ശിഷ്യര്‍മാരില്‍ ഒരാളായ മാര്‍ത്തോമ്മാ ശ്ലീഹാ A.D. 52-ല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കരയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി വന്നിറങ്ങി. അക്കാലത്ത്‌ കൊടുങ്ങല്ലൂര്‍ ലോക പ്രശസ്തമായ തുറമുഖവും വാണിജ്യക്രേന്ദ്രവുമായിരുന്നു. ചൈന, പേര്‍ഷ്യ, ഈജിപ്ത്‌, റോം, ഗ്രീസ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം വ്യാപാരികള്‍ കൊടുങ്ങല്ലൂരെത്തിയിരുന്നു, തോമാശ്ലീഹായുടെ സുവിശേഷ പ്രസംഗങ്ങള്‍ ശ്രവിച്ചും അത്ഭുതപ്രവര്‍ത്തികള്‍ കണ്ടും വളരെയധികം സവര്‍ണ്ണഹിന്ദുക്കള്‍ ജ്ഞാനസ്സാനം സ്വീകരിച്ചു. അങ്ങനെ കേരളത്തിലെ ആദ്യത്തെ ക്രൈസ്തവക്കൂട്ടായ്മ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ടു. തുടര്‍ന്ന്‌ പാലയൂര്‍, കോട്ടക്കാവ്‌, കോക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കല്‍ എന്നി പ്രധാന കേന്ദ്രങ്ങളിലെല്ലാം വിശുദ്ധനെത്തിച്ചേരുകയും കൊടുങ്ങല്ലൂരിലേതുപോലുള്ള ക്രിസ്തീയക്കൂട്ടായ്മകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ കൂട്ടായ്മകള്‍ വിശ്വാസത്തില്‍ മാത്രമേ ക്രൈസ്തവമായിരുന്നുള്ളൂ. സവര്‍ണ്ണഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങള്‍ തന്നെയാണ്‌ അവര്‍ പിന്തുടര്‍ന്നിരുന്നത്‌.

തുടര്‍ന്നു വരുന്ന ശതകങ്ങളാവട്ടെ ഈ ക്രൈസ്തവസമൂഹങ്ങളുടെ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു അതതുകാലത്തെ രാജാക്കന്മാരില്‍ നിന്നും പദവികളും പ്രത്യേകാവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കുവാന്‍ ക്രിസ്ത്യാനികള്‍ക്കു കഴിഞ്ഞു. അങ്ങനെ അവര്‍ അംഗസംഖ്യയിലും സമ്പദ്ശക്തിയിലും അസൂയാര്‍ഹമായ മുന്നേറ്റം സ്വായത്തമാക്കി. അങ്ങനെ വളര്‍ച്ചയുടെയും ശ്രേയസ്സിന്‍റെയും പതിമൂന്നു നൂറ്റാണ്ടുകള്‍ പിന്നിട്ട നിലയ്ക്കലിലെ ക്രൈസ്തവസമൂഹത്തിന്‌ 14-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അതിഭീകരമായ ഒരു തകര്‍ച്ചയേയും തുടര്‍ന്നുള്ള പലായനത്തേയും നേരിടേണ്ടിവന്നു.

14-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഡല്‍ഹിയില്‍ ഭരണം നത്തിയിരുന്നത്‌ അലാവുദ്ദീന്‍ ഖില്‍ജി എന്ന സുല്‍ത്താനായിരുന്നു. ദക്ഷിണ ഭാരതം ആക്രമിച്ച്‌ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊള്ളചെയ്യുന്നതിനുവേണ്ടി അദ്ദേഹം തന്‍റെ സേനാനായകനായ മാലിക്‌ കാഫറിനെ വലിയൊരു സൈന്യത്തോടുകൂടി ഇവിടേയ്ക്കയച്ചു.

ഇക്കാലത്തു പാണ്ഡ്യരാജ്യം ഭരിച്ചിരുന്നത്‌ രവിവര്‍മ്മ കുലശേഖരപ്പെരുമാളിന്‍റെ പുത്രന്‍മാരായ സുന്ദരപാണ്ഡ്യനും വീരപാണ്ഡ്യനുമായിരുന്നു. അവര്‍ തമ്മിലുള്ള അധികാരമത്സരവും ശത്രുതയും രാജ്യത്തെ ബലഹീനമാക്കി. സുന്ദരപാണ്ഡ്യന്‍ മാലിക്‌ കാഫറിന്‍റെ സഹായത്തോടെ വീരപാണ്ഡ്യനെ സ്ഥാന്രഭഷ്ടനാക്കുകയും പാണ്ഡ്യരാജ്യത്തിന്‍റെ മുഴുവന്‍ ഭരണാധികാരിയാവുകയും ചെയ്തു. അതോടെ മാലിക്‌ കാഫറിന്‌ പാണ്ഡ്യരാജ്യത്തിനുമേല്‍ മേല്‍ക്കോയ്മ നേടാന്‍ സാധിച്ചു. തുടര്‍ന്ന്‌ ഫ്രക്രുദ്ദീൻ പോലിഗര്‍ എന്ന സേനാനായകന്‍റെ നേതൃത്വത്തില്‍ ഒരു വ്യൂഹം സൈന്യത്തെ സുന്ദരപാണ്ഡ്യന്‍റെ സഹായത്തിനായി മധുരയില്‍ താമസിപ്പിച്ചിട്ട്‌ മാലിക്‌ കാഫര്‍ ഡല്‍ഹിക്കുമടങ്ങി. മാലിക്‌ കാഫറിന്‍റെ തിരിച്ചുപോക്ക്‌ വീരപാണ്ഡ്യന് ധൈര്യം പകര്‍ന്നു. അദ്ദേഹം സര്‍വ്വശക്തിയും പ്രയോഗിച്ച്‌ മധുര ആക്രമിക്കുകയും സുന്ദരപാണ്ഡ്യനെയും മുഹമ്മദീയ സൈന്യത്തെയും പരാജയപ്പെടുത്തി പാണ്ഡ്യ രാജസ്ഥാനം വീണ്ടെടുത്തു. പരാജിതരായ മുഹമ്മദീയ സൈന്യം ഫ്രക്രുദ്ദീൻ പോലിഗറിന്‍റെ നേതൃത്വത്തില്‍ മധുരയുടെ സമീപസ്ഥങ്ങളായ മലയോര പ്രദേശങ്ങളില്‍ അഭയം തേടി. അവര്‍ സംഘം ചേര്‍ന്ന്‌ സമീപസ്ഥലങ്ങള്‍ ആക്രമിക്കുകയും വസ്തുവകകള്‍ കൊള്ളചെയ്യുകയും ചെയ്തു. സമ്പന്ന വാണിജ്യകേന്ദ്രമായിരുന്ന നിലയ്ക്കല്‍ ഇവരുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുവിധേയമായി. അവിടുത്തെ ജീവിതം ദുരിത പൂര്‍ണ്ണമായപ്പോള്‍ ജനങ്ങള്‍ നിലയ്ക്കല്‍ വിട്ട്‌ സുരക്ഷിതസ്ഥാനങ്ങള്‍ തേടി ദൂരദ്ദേശങ്ങളിലേയ്ക്ക്‌ പലായനം ചെയ്തു. തുങ്കുഴി കുടുംബത്തിലെ കാരണവന്‍മാരും അക്കൂട്ടത്തിലുണ്ടായിരുന്നു.

വ്യാപാരക്രേന്ദ്രമായ നിലയ്ക്കല്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക്‌ സഞ്ചാരമാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. നിലയ്ക്കല്‍ നിന്നും അഴുത, പീരുമേട്‌, കുമളി വഴി തമിഴ്നാട്ടിലേയ്ക്കും പമ്പ, എരുമേലി, കാഞ്ഞിരപ്പള്ളി വഴി ഈരാറ്റുപേട്ടയിലേയ്ക്കും നടപ്പാതകളുണ്ടായിരുന്നു. ഈ പാതകളിലൂടെയാണ്‌ കച്ചവടക്കാര്‍ സംഘങ്ങളായി സഞ്ചരിച്ചിരുന്നത്‌. തങ്ങള്‍ സംഭരിച്ചസാധനങ്ങള്‍ തലച്ചുമടായും കാളകളുടെയും കഴുതകളുടെയും പുറത്തുകയറ്റിയും വനാന്തരങ്ങളിലൂടെയും ദുര്‍ഗമങ്ങളായ മലമ്പ്രദേശങ്ങളിലൂടെയും അവര്‍ യാത്ര ചെയ്തു. കൊള്ളക്കാരെ ഭയന്ന്‌ കൂട്ടം ചേര്‍ന്നാണ്‌ കച്ചവടക്കാരും വഴിയാത്രക്കാരും സഞ്ചരിച്ചിരുന്നത്‌. നിലയ്ക്കല്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവ കുടുംബങ്ങള്‍ പമ്പാ, എരുമേലി വഴി കാഞ്ഞിരപ്പള്ളിയിലെത്തിച്ചേര്‍ന്നു. കാഞ്ഞിരപ്പള്ളിയും പ്രാന്തപ്രദേശങ്ങളും സുരക്ഷിതമെന്നുകണ്ട്‌ അവര്‍ അവിടെ താമസം ആരംഭിച്ചു. എന്നാല്‍ അംഗസംഖ്യയില്‍ മുന്നിട്ടു നിന്ന തൂങ്കുഴി കുടുംബക്കാര്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നും ഈരാറ്റുപേട്ടയിലേക്ക് യാത്ര തുടര്‍ന്നു. അന്ന്‌ ഈരാറ്റുപേട്ടയും സമീപപ്രദേശങ്ങളും പൂഞ്ഞാറ്റിൽ തമ്പുരാക്കന്മാരുടെ അധികാരപരിധിയിലായിരുന്നു. 

ഈരാറ്റുപേട്ടയിലെത്തിച്ചേർന്ന തൂങ്കുഴി കുടുംബത്തിലെ കാരണവന്മാർ പൂഞ്ഞാറ്റിൽ തമ്പുരാനെ ചെന്നുകാണുകയും, മുളങ്കുറ്റികളില്‍ നിറച്ചിരുന്ന സ്വര്‍ണ്ണനാണയങ്ങള്‍ പട്ടുവിരിച്ച്‌ തിരുമുമ്പില്‍ കുന്നുകൂട്ടി കാഴ്ചവെയ്ക്കുകയും ചെയ്തു. കാഴ്ചകളില്‍ തമ്പുരാന്‍ സംപ്രീതനാവുകയും, ഇഷ്ടമുള്ള സ്ഥലത്ത്‌ ഇഷ്ടാനുസരണം ഭൂമി കൈവശമാക്കി അനുഭവിച്ചുകൊള്ളുന്നതിന്‌ അനുവാദവും കൊടുത്തു. തൂങ്കുഴി കുടുംബത്തിലെ ജ്യേഷ്ഠകാരണവന്മാര്‍ താമസിച്ചിരുന്നത്‌ അരുവിത്തുറ പള്ളിയോടു ചേര്‍ന്നുള്ള തൂങ്കുഴിപ്പറമ്പ്‌ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നുവത്രെ. ഏതാനം നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ മത്തായി എന്നു പേരോടുകൂടിയ ഒരാണ്‍സന്താനം മാത്രം കുടുംബത്തിലവശേഷിച്ചു. അദ്ദേഹം അരുവിത്തുറ വിട്ട്‌ ഇടമറ്റത്തു ചെന്ന്‌ താമസം തുടങ്ങി. ആ കാരണവരുടെ സന്താനപരമ്പരകളാണ് ഇന്നുള്ള തൂങ്കുഴിക്കുടുംബക്കാര്‍ എല്ലാവരും.

നമ്മുടെ പൂര്‍വ്വികന്‍ മത്തായി തനിക്ക്‌ അരുവിത്തുറ പള്ളിയുടെ സമീപത്തുണ്ടായിരുന്ന സ്ഥലങ്ങള്‍ അയല്‍വാസിയും സ്നേഹിതനും ആയിരുന്ന തെങ്ങുംമൂട്ടില്‍ വര്‍ക്കിയെ ഏല്പിച്ചിട്ടാണ് അവിടെ നിന്നും മീനച്ചില്‍ക്കരയിലേയ്ക്ക്‌ കുടിയേറിയത്‌. പ്രസ്തുത സ്ഥലത്തിന്‍റെ ആദായം വര്‍ഷം തോറും ചെന്ന്‌ വാങ്ങിയിരുന്നു. മുപ്പത്തെട്ടു സെന്‍റെ ള്ള തുങ്കുഴിപ്പറമ്പും ഒന്നര ഏക്കറോളം വരുന്ന കിഴക്കേടത്തുപറമ്പും കൊല്ലവര്‍ഷം 1012-ല്‍ (1837-ല്‍) പള്ളിക്കാര്‍ക്ക്‌ എഴുതിക്കൊടുത്തു. പ്രതിഫലമായി രണ്ടു റാസ വീതം പള്ളിയില്‍ നിന്നും ചൊല്ലുന്നതു കൂടാതെ "അഞ്ചേകാലും കോപ്പും" പ്രത്യേകാവകാശമായും അനുഭവിച്ചു പോന്നു. ഇപ്പോഴുള്ള പുതുക്കിപ്പണിത ദേവാലയം തീർത്തിരിക്കുന്നത്  മേല്‍പ്പറഞ്ഞ ഈ സ്ഥലം കൂടി ചേര്‍ത്താണ്‌ പള്ളിയുടെ തെക്കുവശം ഭിത്തി ചേര്‍ന്ന്‌ മുറ്റവും ശവക്കോട്ടയുട കുറെ ഭാഗവും തുങ്കുഴിപ്പറമ്പില്‍ ഉള്‍പ്പെടുന്നു. കിഴക്കേടത്തുപറമ്പ് ഇതിന്‌ തൊട്ടു കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്നു. പള്ളിയുടെ കിഴക്കേ അറ്റം അഥവാ പിന്‍ഭാഗം ഈ പറമ്പിലാണ്‌ പണിതിരിക്കുന്നത്.

പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ആശംസ


മാർ ജേക്കബ് തൂങ്കുഴി കുടുംബചരിത്ര പുസ്തകത്തിൽ നിന്നും


തൂങ്കുഴി കുടുംബ ചരിത്ര പുസ്തകംതൂങ്കുഴി കുടുംബചരിത്ര പുസ്തകത്തിൻ്റെ മുഖവുര.

യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരാളായ മാര്‍ത്തോമ്മാശ്ലീഹാ കേരളത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ സുവിശേഷ പ്രഘോഷണവുമായി ചുറ്റിസഞ്ചരിച്ച്‌ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. തത്ഫലമായി അനേകം തദ്ദേശിയര്‍ മാനസാന്തരരപെട്ട്‌ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഇപ്രകാരം നിലയ്ക്കല്‍ രൂപപ്പെട്ട ക്രൈസ്തവകൂട്ടായ്മ, പില്‍ക്കാലത്ത്‌ പാണ്ടിദേശത്തുനിന്നുമുണ്ടായ നിരന്തരമായ ആക്രമണത്തെത്തുടര്‍ന്ന്‌ ചെറുത്തുനില്ക്കാനാവാതെ നാനാദിക്കിലേക്കും പലായനം ചെയ്തു. ഇങ്ങനെ ഓടിപ്പോയവര്‍ കാഞ്ഞിരപ്പള്ളി, അരുവിത്തുറ തുടങ്ങിയ ദേശങ്ങളിലാണ്‌ അഭയം പ്രാപിച്ചത്‌. പതിനാലാം നൂറ്റാണ്ടില്‍ നിലയ്ക്കല്‍ നിന്നും അരുവിത്തുറയില്‍ കുടിയേറിയ ക്രിസ്ത്യാനികളില്‍ തൂങ്കുഴിക്കുടുംബത്തിലെ പൂര്‍വ്വികരും ഉള്‍പ്പെടുന്നു. അരുവിത്തുറയില്‍ നിന്നും ഇടമറ്റത്ത്‌ എത്തിച്ചേരുകയും അവിടെനിന്നും ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ച നമ്മുടെ കുടുംബത്തിന്‍റെ ചരിത്രം താമസിച്ചാണെങ്കിലും പുസ്തക രൂപത്തിൽ പ്രസിദ്ധീകൃതമാവുന്നതില്‍ ഞങ്ങള്‍ വളരെ അഭിമാനം കൊള്ളുകയാണ്‌.

ചരിത്രരചനയില്‍ സമൂഹത്തിന്‍റെ ന്യൂക്ലിയസ്സായ കുടുംബം വിഷയതലത്തിലേയ്ക്ക്‌ വളരുന്നത്‌ 18, 19 നൂറ്റാണ്ടുകളിലാണ്‌. ഫാദര്‍. ബര്‍ത്തലോമിയോ എന്ന വിദേശ പാതിരി “ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കുടുംബചരിത്രം" എഴുതുകയുണ്ടായി. ഒരു പക്ഷേ യൂറോപ്പിലെ കുടുംബചരിത്ര രചനാപദ്ധതിക്ക്‌ ഇവിടെ ഒരു മാതൃക നല്കുകയാവും പാതിരി ചെയ്തത്‌. പിന്നീട്‌ പത്തൊമ്പത്‌ ഇരുപത്‌ നൂറ്റാണ്ടുകള്‍ ചടുലമായ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാവുകയും ജന്മിത്വവും നാടുവാഴിത്തവും മരുമക്കത്തായവും തകര്‍ന്നുവീഴുകയും ചെയ്തു. മാതൃദായക ക്രമത്തിൽ നിന്ന് പിതൃദായക്രമത്തിലേയ്ക്കുള്ള പരിവര്‍ത്തനമാണ്‌ മരുമക്കത്തായത്തെ തകര്‍ത്തെറിഞ്ഞത്‌. പിതൃദായകക്രമം ഭാരതനസ്രാണികളുടെ പാരമ്പര്യവുമായിരുന്നു. ന്യൂക്ലിയര്‍ കുടുംബങ്ങളിലേയ്ക്കുള്ള വളര്‍ച്ചയ്ക്ക്‌ ഭാരതവും, വിശേഷിച്ചും കേരളവും അങ്ങനെ നസ്രാണി സംസ്കാരത്തോട്‌ കടപ്പെട്ടിരിക്കുന്നു. കുടുംബത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിക്കുകയും ഓരോ പൗരനും ഓരോ കുടുംബം എന്ന നിലയിലേയ്ക്കുള്ള പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യുന്നതോടെ കുടുംബചരിത്രത്തിന്‍റെയും പ്രാധാന്യം വര്‍ദ്ധിക്കുന്നു.

തൂങ്കുഴികുടുംബത്തിന്‍റെ ചരിത്രം എഴുതപ്പെടുക വഴി ഒരേവല്ലിയില്‍ വിരിഞ്ഞ പൂവുകള്‍ പോലെ ഓരോ കുടുംബാംഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ്‌ നമുക്കോരോരുത്തര്‍ക്കും ഉണ്ടാകുന്നു. കുടുംബം എന്നനിലയില്‍ ഒരു ഏകതാബോധം നമുക്കുണ്ടാവുന്നു.തൂങ്കുഴി കുടുംബത്തിന്‍റെ ചരിത്രമെഴുതുക എന്ന ശ്രമകരമായ ഉദ്യമത്തിന്‌ 1976-ലാണ്‌ തുടക്കം കുറിച്ചത്‌. അന്ന്‌ കുടുംബയോഗം പ്രസിഡന്‍റ് അഭിവന്ദ്യ ഫാ. ജോസഫ്‌ തൂങ്കുഴിയുടെ നിര്‍ദ്ദേശ പ്രകാരം ശ്രീ. കുരുവിള സഖറിയാസ്‌ കണ്‍വീനറായി, ശ്രീ. റ്റി.ജെ. ചാക്കോ, ശ്രീ. റ്റി.കെ. ജോര്‍ജ്‌ എന്നിവരടങ്ങുന്ന ഒരു കമ്മറ്റി രൂപം കൊണ്ട്‌ ഈ ദുഷ്കരമായ ജോലി ഏറ്റെടുക്കുകയും കുടുംബചരിത്രത്തിന്‍റെ മൂലഗ്രന്ഥം രൂപപ്പെടുത്തുകയും ചെയ്തു. കുടുംബയോഗക്കമ്മറ്റിയെ ഏല്പിച്ച പ്രസ്തുത മൂല്രഗന്ഥം ചില കാരണങ്ങളാല്‍ പ്രസിദ്ധീകൃതമാവാതെ പോയി. പൂര്‍വ്വചരിത്രങ്ങള്‍ ക്രോഡീകരിച്ച്‌ കുടുംബചരിത്രത്തിന്‍റെ മൂലഗ്രന്ഥം രൂപപ്പെടുത്തുന്നതിന്‌ തീവ്രശ്രമം നടത്തിയ ശ്രീ.കുരുവിള സക്കറിയാസും റവ. ഫാ. ജോസഫ്‌ തൂങ്കുഴിയും, ഇന്നു ജീവിച്ചിരിപ്പില്ല. അവരിരുവരെയും സ്നേഹാദരപൂര്‍വ്വം സ്മരിക്കുന്നതോടൊപ്പം അവർക്ക് നിത്യശാന്തി നേരാനും ഈ അവസരം ഞങ്ങള്‍ ഉപയോഗിച്ചു കൊള്ളട്ടെ.

ആധികാരിക രേഖകളുടെ അഭാവത്തില്‍ തലമുറ തലമുറകളായി കൈമാറിപ്പോരുന്ന പാരമ്പര്യങ്ങളെയും അലിഖിത പുരാവൃത്തങ്ങളെയുമാണ്‌ കുടുംബചരിത്ര രചനയില്‍ ആശ്രയിക്കേണ്ടിവരുന്നത്‌. എങ്കില്‍പ്പോലും ന്യൂനതകളെ പരമാവധി പരിഹരിച്ച്‌ ഈ ലഘു ചരിത്രത്തിന്‍റെ വിശ്വാസ്യയോഗ്യത ഭദ്രമാക്കാന്‍ കഴിവതും ഞങ്ങള്‍ പരിശ്രമിച്ചിട്ടുണ്ട്‌. അപരിചിതരും അജ്ഞാതരുമായിരുന്ന പലരുമായും പരിചയപ്പെടുവാനും, കുടുംബബന്ധങ്ങൾ പുതുക്കുവാനും, അതോടൊപ്പം ഒട്ടേറെ പുതിയ വിവരങ്ങള്‍ ശേഖരിക്കുവാൻ സാധിച്ചതിലും ഞങ്ങള്‍ക്ക്‌ അതിയായ ആഹ്ലാദമുണ്ട്‌. 1997 മെയ് മാസം രൂപം കൊണ്ട കമ്മറ്റിയുടെ തീരുമാനപ്രകാരം കുടുംബചരിത്ര പ്രസാധനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞതിലും ചാരിതാര്‍ത്ഥ്യമുണ്ട്‌.

ഈ ഗ്രന്ഥരചനയില്‍, കുടുംബബന്ധങ്ങള്‍ സുകരമായി ഗ്രഹിക്കുവാന്‍ ചില ക്രമീകരണങ്ങള്‍ സ്വീകരിക്കേണ്ടതായി വന്നിട്ടുണ്ട്‌, ഒന്നുമുതല്‍ നാലുവരെയുള്ള തലമുറകളെ പൂര്‍വ്വികന്മാര്‍ എന്ന അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. രണ്ടാംതലമുറയ്ക്ക്‌ A, B എന്നിങ്ങനെയും, മൂന്നാം തലമുറയ്ക്ക്‌ A1, B1 എന്നിങ്ങനെയും, നാലാം തലമുറയ്ക്ക്‌ A1a, B1a എന്നിങ്ങനെയും ആംഗലസിംബലുകള്‍ കോഡുകളായി കൊടുത്തിരിക്കുന്നു. ഈ അക്ഷരസംഇജഞകള്‍ പൂര്‍വ്വപിതാവുമായി തലമുറകള്‍ക്കുള്ള ബന്ധം സുകരമായി മനസ്സിലാക്കുവാന്‍ സഹായിക്കുന്നുണ്ട്‌. തുടര്‍ന്ന്‌ നാലാം തലമുറയില്‍പ്പെട്ട മുപ്പത്‌ പിതാമഹന്‍മാരെ മുപ്പത്‌ അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. മക്കളെ മൂപ്പിളമ പ്രകാരമാണ്‌ ഈ ചരിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഓരോ അദ്ധ്യായത്തിലും ഒരാളെ കുറിച്ച്‌ എഴുതിത്തുടങ്ങിയാല്‍ അദ്ദേഹത്തിന്‍റെ പരമ്പരസംബന്ധിച്ച്‌ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയശേഷമാണ്‌ അടുത്ത ആളിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തുടങ്ങുക. ഓരോ വ്യക്തികളെയും ചരിത്രത്തില്‍ എളുപ്പത്തില്‍ കണ്ടു പിടിക്കുന്നതിനും പരമ്പരയിലെ സ്ഥാനം നിജപ്പെടുത്തുന്നതിലും വായനക്കാരനെ സഹായിക്കുന്നു.